Sunday, May 20, 2007

എട്ടുകാലി കുഞ്ഞൂഞ്ഞിന്റെ കുഞ്ഞ്

എട്ടുകാലി കുഞ്ഞൂഞ്ഞിന്റെ കുഞ്ഞ്
എട്ടുകാലിയെ മഞ്ഞൂഞ്ഞ് എന്നു വിളിച്ചൊരു കാലമുണ്ടായിരുന്നു.കുഞ്ഞൂഞ്ഞ് പിറക്കും മുന്‍പ്.പാണ്ടിക്കടവത്തു കുഞ്ഞാപ്പ ആയിരുന്നില്ല,പൊന്‍ കുരിശു തോമയായിരുന്നു അയാള്‍ക്കു കൂട്ട്.
ചെന്നിത്തലയിലെ രമേശന്‍ നായരേക്കാള്‍ പ്രായമുണ്ടായിരുന്നു അവരുടെ ഗ്ലാസ് മേറ്റ് ആയിരുന്ന ആനവാരിയിലെ രാമന്‍ നായര്‍ക്കു.
അവര്‍ ഒത്തുകൂടുമ്പോള്‍ മമ്മൂഞ്ഞ് പറയാറുണ്ടു”അതു ഞമ്മളാണു”
നാട്ടിലെ ഏതെങ്കിലും ഒരു പെണ്ണിനു കുളിതെറ്റിയാല്‍കാച്ചുന്ന ഡയലോഗ്.
അങ്ങനെ വലിയ ആളായി മമ്മൂഞ്ഞ് ഗമയില്‍ നടക്കുമ്പോള്‍ ഒരു നാള്‍ അയാളുടെ പെങ്ങളുടെയും കുളി തെറ്റി.
എന്നിട്ടോ?
അതെല്ലാം വൈക്കം മുഹമ്മദ് ബഷീര്‍ എഴുതി വച്ചിട്ടുണ്ടു.എഴുതാക്കഥ വേണമല്ലൊ പറയാന്‍.
നാലഞ്ചു വര്‍ഷം മുന്‍പാണു.
‘സമക്ര’(കുഞ്ഞാലിക്കുട്ടിയോടു കടപ്പാടു) വികസനത്തിന്റെ ലാസ്സ്റ്റ് ബസ്സ് ഡബ് ള്‍ ബെല്‍ കൊടുത്തു ഹോണ്‍ അടിച്ചു പുറപ്പെടാന്‍ കാത്ത് കിടക്കുമ്പോഴാണു ജിമ്മും ജിംനാസ്റ്റിക്സും കാണിച്ചു ചിലര്‍ അതില്‍ ചാടിക്കയറിയതു.
നല്ല മെയ് വഴക്കം വേണം അതിന്.
നമ്മളൊക്കെ അതു കണ്ടതാണു.
അങ്ങനെ ഓടുന്ന ബസ്സില്‍ ചാടിക്കയറി ഒരു പാടു അധ്വാനിച്ച ശേഷമാണു വിശേഷം ഉണ്ടായതു.
പലരും വിഛരികുന്നതു പോലെ ഒറ്റ രാത്രി കൊണ്ടല്ല.
ഗര്‍ഭ ശുശ്രൂഷക്കായി എത്ര ഏക്കര്‍ സ്ഥലമാണു തീറെഴുതിയതു?സ്കാനിംഗ്,എക്സ് റെ,കമ്മിഷന്‍,തുടങ്ങി പിന്നെയും ഒരു പാടു ചെലവു.സുഖപ്രസവം ആവുമെന്നറിഞ്ഞിട്ടും ടീകോം സ്പെഷ്യാലിറ്റിയില്‍ സിസെറിയനു കരാര്‍ ഒപ്പിട്ടു.
എന്തിനു! കോടതിയില്‍ പോലും പോവേണ്ടി വന്നു.
എന്നിട്ടു ഇപ്പോള്‍ ചിലര്‍ പറയുന്നതു കേട്ടില്ലേ?
കുഞ്ഞിന്റെ തന്ത വേറെയാണെന്നു.
ഡി.എന്‍. എ. ടെസ്റ്റ് വേണമത്രെ.
മുടിച്ഛായ ഇല്ലത്രെ!
ചപ്രത്തലയല്ല.
നല്ല ചുരുളന്‍ മുടി.
എടുത്ത് ഓമനിക്കാന്‍ തോന്നും.
മുത്തമിടാനും മുലയൂട്ടാനും തോന്നും.
എന്താ നിറം, നല്ല ചോരച്ചുവപ്പ്.
മറ്റവന്റേതാണെങ്കില്‍ ഈ നിറം കിട്ടുമോ? ഇല്ല. ഉറപ്പാണു.റിയലി, എസ്റ്റേറ്റ് പോലിരിക്കും.
ഇതിപ്പം, എന്താ സ്മാര്‍ട്ട്!
ശരിക്കും സ്മാര്‍ട്ടന്‍!!
പത്രക്കാര്‍ വരുന്നൂ. ചാനലുകാര്‍ വരുന്നൂ.ഓബിവാന്‍ കേറ്റുന്നൂ.ഫ്ലാഷ് അടിക്കുന്നൂ.കോഴിമുട്ട വരുന്നൂ.നേന്ത്രപ്പഴം പുഴുങ്ങുന്നൂ.
സിനിമയിലാണു ഇതെങ്കില്‍ ഓസ്കാര്‍ കിട്ടുമായിരുന്നൂ എന്നു ശ്രീനിവാസന്‍ പോലും പറയും.
അത്രക്കു തന്മയത്വം.അത്രക്കു സ്നേഹം. തന്തയാരെന്നു തീര്‍ച്ചയില്ലാത്ത ആ കൊച്ചിനോട്.
തന്തയെ എല്ലാവരും തള്ളിപ്പറയുന്നു.
ഒക്കെ സഹിക്കാം.
ആ താരത്മ്യപ്പട്ടിക ഉണ്ടല്ലൊ.അതാണു ഹൃദയഭേദകം.അയാളുടെ കുട്ടിയെങ്കില്‍ മൂക്ക് വലത്തോട്ട്.ഇതാകട്ടെ ഇടത്തോട്ട്. പപ്രശ്ശ ആവേണ്ട മുടിക്കു പകരമ്മിനുമിനുത്തമുടി.അങ്ങനെ അംഗ പ്രത്യംഗ താരതമ്യം.
ഇതിനു മുന്‍പ് ആര്‍ക്കൊക്കെ എവിടെയൊക്കെ മക്കളുണ്ടായി?പട്ടിക തിരിച്ച് താരതമ്യം ചെയ്യുന്ന ഏര്‍പ്പാട് ഒരു നാട്ടിലുമില്ല.
ഇതുക്കെ കാണുമ്പോ‍ള്‍ ഏതു കുഞ്ഞൂഞ്ഞും മമ്മൂഞ്ഞ് ആയിപ്പോവും.
സഹിക്കാന്‍ പറ്റ്വോ?
കുളി തെറ്റിയ നാളു മുതല്‍.
വ്യാക്കൂണ്‍ കൊതിച്ച സമയം മുതല്‍.
വയറു കാണാണ്‍ ടീകോം അമ്മായി വന്ന ദിവസം മുതല്‍.
പേറെടുക്കാന്‍ പതിച്ചിയെ കരാര്‍ ആക്കിയപ്പോള്‍ വരെ.
ഒന്നേ പറഞ്ഞിട്ടുള്ളൂ.
“അതു ഞമ്മളാണു”
ഇപ്പഴും അതാ‍ പറയുന്നതു.
“ഇതു ഞമ്മളെ ബേബിയാണു”
നിറം മാറിയതിന്റെയും ചപ്രത്തല അല്ലാത്തതിന്റേയും പേരില്‍ ആറു ചോദ്യം ചോദിച്ചെന്നതു നേരു.
കൊച്ച് വേണ്ടത്ര സ്മാര്‍ട്ടല്ലെന്നു തോന്നിയപ്പോള്‍ പതിച്ചി കേള്‍ക്കെ അയല്‍ക്കാരോടും നാട്ടുകാരോടും ചോദിച്ചുവെന്നേയുള്ളൂ.
സ്മാര്‍ട്ടാക്കിയ വകയില്‍ പണയം വച്ച തറവാട്ടു സ്വത്തിന്റെ കാര്യം.’നേരിട്ടു’ എന്ന വാക്കുപ്രമാണത്തില്‍ ഉള്‍പ്പെടാതെ പോ‍യത്.കൊച്ച് വളര്‍ന്നാല്‍ ആരുടെ മോനായി തീരും എന്നതില്‍ വ്യക്തത ഇല്ലാത്ത കാര്യം.
അഞ്ചാറു ചോദ്യം ചോദിച്ചെന്നു വച്ച് “അതു ഞമ്മളല്ലാ“തെ പോവുമോ?
ന്യായം.
ഇത്രയെല്ലാം പറഞ്ഞതു കൊണ്ടു ചോദിക്കുകയാണു. ശരിക്കും ഇതു ആരുടെ ബേബിയാണു?
ഇവിടാണു നാം കരുണാകരനു ചെവി കൊടുക്കേണ്ടതു.
നെടുമ്പാശ്ശേരി വിമാനത്താവളം വന്നില്ലെങ്കില്‍ കാണാമായിരുന്നു.സ്മാര്‍ട്ടനെ സ്റ്റാര്‍ട്ടാക്കിയതു നെടുമ്പാശ്ശേരിയില്‍ വച്ചാണു.വികസനത്തിന്റെ ലാസ്റ്റ് ബസ്സ് പറന്നിറങ്ങിയത് വിമാനത്തിന്റെ രൂപത്തിലാണു.
വിമാനത്താവളമില്ലെങ്കില്‍ സായ്പ് കൊച്ചിയില്‍ വരുമോ? അങ്ങനെയാണു ജിം ഉണ്ടായത്.ജിംഖാനയുണ്ടായതു.എട്ടുകാലിയും മമ്മൂഞ്ഞും കുഞ്ഞൂഞ്ഞും ഉണ്ടായതു.
അപ്പോള്‍ ശരിക്കും ആരാ ‘ഞമ്മാള്’
വിമാനത്താവളം ഉണാക്കിയ ആള്‍.
അതാരാ?
കണ്ണോത്ത് കരുണാകരന്‍.
എങ്ങനെയുണ്ടെന്റെ പുത്തി?
വാലറ്റം: ഞങ്ങള്‍ സ്മാര്‍ട്ടാക്കാന്‍ നോക്കിയപ്പോള്‍ റിയല്‍ എസ്റ്റേറ്റ് എന്നു പരിഹസിച്ചതിനാല്‍ നിങ്ങളുടെ സ്മാര്‍ട്ടനും റിയല്‍ എസ്റ്റേറ്റ് ആറ്റിപ്പോട്ടെ. രമേശ് ചെന്നിത്തല.
കമന്റ്: പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും

Saturday, May 5, 2007

കണ്ണാടി

ക ണ്ണാ ടി
റിയുമോ എന്നെയെന്നാ‍രേ തിരക്കു-
ന്നിതന്യമീ നഗരത്തില്‍ വച്ചും
ചിരിതൂകി നില്‍ക്കുന്നതാരിവളെന്‍
ചിര പരിചയക്കാരിയെപ്പോലെ.
മുഖമുയര്‍ത്തീട്ടൊന്നു നോക്കവേയദ്ഭുതം
നിന്മുഖമല്ല ഞാന്‍ കണ്ടൂ
കണ്ണാ‍ടിയില്‍ പോലെ കാണ്മു നിന്നുള്ളിലാ
യെന്മുഖം പണ്ടെന്നപോലെ
അരികെയല്ലായിരുന്നെത്രയോ കാലമായ്
മറന്നീല നീയെന്നെയെന്നോ
അകലെയാണെങ്കിലും എപ്പോഴുമെന്നെ നീ
അകതാരില്‍ വെച്ചിരുന്നെന്നോ?
പറയാതെയാണന്നു പോയിഞാന്‍ എത്രയോ
പറയുവാന്‍ ബാക്കിയുള്ളപ്പോള്‍
ഇനിയെന്നു കാണുമെന്നറിയാതെ അന്നുതൊ‌‌-
ട്ടിവനെ പ്രതീക്ഷിച്ചുവെന്നോ?
നവവത്സരങ്ങളെന്‍ ജന്മതാരങ്ങളും
തിരുവോണമെത്തിടുമ്പോഴും
ആശംസ നേരുവാനാശിച്ചു നീ എന്‍
വിലാസം ലഭിച്ചീലയെന്നോ?
ദൂരദേശങ്ങളില്‍ യാത്ര പോകുമ്പൊഴീ
വാതില്‍ പുറക്കാഴ്ച തോറും
ഒരു കണ്ണിലെന്മുഖം മാത്രം നിനച്ചു നീ
ഒരു നോക്കു കാണുവാനെന്നോ?
കാലം കടന്നു പോയെത്രയോ പിന്നെയും
മാറി ഞാന്‍ നീയുമീ നാടും
മാറി നാം കണ്ടൊരാ സ്വപ്നങ്ങളൊക്കെയും
മാറീല നിന്മനസ്സെന്നോ?
മുഖവും ശിരസ്സും മനസ്സുമില്ലാത്തൊരീ
നഗരത്തിരക്കിന്‍റെയുള്ളില്‍
ആരുമാരാരെയും നോക്കാതെ പോവുന്നൊ-
രീ വന്‍ പ്രവാഹത്തിനുള്ളില്‍
കണ്ടുവെന്നോ സഖീ ഒരു മാ‍ത്ര തല്‍ ക്ഷണ-
മെന്നെ തിരിച്ചറിഞ്ഞെന്നോ?
ചൊല്ലാതെ വയ്യിനി അറിയുന്നു നിന്നെഞാന്‍
നിന്നകക്കണ്ണാടിയേയും
എന്മുഖമിത്രമേല്‍ സ്പഷ്ടമായ്
കണ്ടതേയില്ല ഞാനെങ്ങും.
നന്ദി, നിന്നുള്ളിലെ കണ്ണാടി കണ്ടിന്നു
സംതൃപ്തനായി ഞാന്‍ തോഴീ
നന്ദി,കൃതാര്‍ഥനായ് നിന്നിലിന്നത്രമേല്‍
സമ്പ്രീതനായി ഞാന്‍ തോഴീ