Saturday, May 5, 2007

കണ്ണാടി

ക ണ്ണാ ടി
റിയുമോ എന്നെയെന്നാ‍രേ തിരക്കു-
ന്നിതന്യമീ നഗരത്തില്‍ വച്ചും
ചിരിതൂകി നില്‍ക്കുന്നതാരിവളെന്‍
ചിര പരിചയക്കാരിയെപ്പോലെ.
മുഖമുയര്‍ത്തീട്ടൊന്നു നോക്കവേയദ്ഭുതം
നിന്മുഖമല്ല ഞാന്‍ കണ്ടൂ
കണ്ണാ‍ടിയില്‍ പോലെ കാണ്മു നിന്നുള്ളിലാ
യെന്മുഖം പണ്ടെന്നപോലെ
അരികെയല്ലായിരുന്നെത്രയോ കാലമായ്
മറന്നീല നീയെന്നെയെന്നോ
അകലെയാണെങ്കിലും എപ്പോഴുമെന്നെ നീ
അകതാരില്‍ വെച്ചിരുന്നെന്നോ?
പറയാതെയാണന്നു പോയിഞാന്‍ എത്രയോ
പറയുവാന്‍ ബാക്കിയുള്ളപ്പോള്‍
ഇനിയെന്നു കാണുമെന്നറിയാതെ അന്നുതൊ‌‌-
ട്ടിവനെ പ്രതീക്ഷിച്ചുവെന്നോ?
നവവത്സരങ്ങളെന്‍ ജന്മതാരങ്ങളും
തിരുവോണമെത്തിടുമ്പോഴും
ആശംസ നേരുവാനാശിച്ചു നീ എന്‍
വിലാസം ലഭിച്ചീലയെന്നോ?
ദൂരദേശങ്ങളില്‍ യാത്ര പോകുമ്പൊഴീ
വാതില്‍ പുറക്കാഴ്ച തോറും
ഒരു കണ്ണിലെന്മുഖം മാത്രം നിനച്ചു നീ
ഒരു നോക്കു കാണുവാനെന്നോ?
കാലം കടന്നു പോയെത്രയോ പിന്നെയും
മാറി ഞാന്‍ നീയുമീ നാടും
മാറി നാം കണ്ടൊരാ സ്വപ്നങ്ങളൊക്കെയും
മാറീല നിന്മനസ്സെന്നോ?
മുഖവും ശിരസ്സും മനസ്സുമില്ലാത്തൊരീ
നഗരത്തിരക്കിന്‍റെയുള്ളില്‍
ആരുമാരാരെയും നോക്കാതെ പോവുന്നൊ-
രീ വന്‍ പ്രവാഹത്തിനുള്ളില്‍
കണ്ടുവെന്നോ സഖീ ഒരു മാ‍ത്ര തല്‍ ക്ഷണ-
മെന്നെ തിരിച്ചറിഞ്ഞെന്നോ?
ചൊല്ലാതെ വയ്യിനി അറിയുന്നു നിന്നെഞാന്‍
നിന്നകക്കണ്ണാടിയേയും
എന്മുഖമിത്രമേല്‍ സ്പഷ്ടമായ്
കണ്ടതേയില്ല ഞാനെങ്ങും.
നന്ദി, നിന്നുള്ളിലെ കണ്ണാടി കണ്ടിന്നു
സംതൃപ്തനായി ഞാന്‍ തോഴീ
നന്ദി,കൃതാര്‍ഥനായ് നിന്നിലിന്നത്രമേല്‍
സമ്പ്രീതനായി ഞാന്‍ തോഴീ

2 comments:

oru blogger said...

നിന്മുഖമല്ല ഞാന്‍ കണ്ടൂ
കണ്ണാ‍ടിയില്‍ പോലെ കാണ്മു നിന്നുള്ളിലാ
യെന്മുഖം പണ്ടെന്നപോലെ...


ഈ നിന്‍മുഖവും എന്‍ മുഖവും മാത്രം എന്തിനു നീലയില്‍ മാഷേ? അര്‍ദ്തം ഏതാണ്ടൊക്കെ പിടികിട്ടിയപോലെ...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അളിയോ..തമ്പിയളിയോ..
അതിലൊക്കെ ഒരു ഗുട്ടന്‍സ് ഉണ്ട് കെട്ടോ.. :)

സുഖം ഉണ്ട് കവിത വായിക്കാന്‍